കോണ്‍ഗ്രസ് പ്രതിഷേധപ്രകടനവും ധര്‍ണയും നാളെ (മാര്‍ച്ച് 25)
കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ (മാര്‍ച്ച് 25) രാവിലെ 10 മണിക്ക് കല്‍പ്പറ്റയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കുന്ന പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അറിയിച്ചു.
കല്‍പ്പറ്റ നഗരസഭാ പരിസരത്ത് നിന്നും ആരംഭിക്കുന്ന മാര്‍ച്ച് പുതിയബസ്റ്റാന്റ് ചുറ്റി ടെലഫോണ്‍ എക്‌സിചേഞ്ചിന് മുമ്പില്‍ സമാപിക്കും.
തുടര്‍ന്ന് ടെലഫോണ്‍ എക്‌സിചേഞ്ചിന് മുമ്പില്‍ നടക്കുന്ന ധര്‍ണയില്‍ സംസ്ഥാന, ജില്ലാനേതാക്കള്‍ പങ്കെടുക്കും.
കരിദിനം ആചരിക്കാന്‍ ആഹ്വാനം
കല്‍പ്പറ്റ: രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ രാഹുല്‍ഗാന്ധി എം പിയെ അയോഗ്യനാക്കിയ സാഹചര്യത്തില്‍ ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളെ തകര്‍ക്കാനുള്ള മോദി സര്‍ക്കാരിന്റെ ഹീനമായ ശ്രമത്തിനെതിരെ ജില്ലയിലെ മതേതരത്വ, ജനാധിപത്യവിശ്വാസികള്‍ നാളെ ജില്ലയില്‍ കരിദിനം ആചരിക്കാന്‍ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ആഹ്വാനം ചെയ്തു.
മീനങ്ങാടി
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മീനങ്ങാടി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡണ്ട് വി.എം വിശ്വനാഥൻ, KPCC എക്സിക്യൂട്ടീവ് അംഗം KE വിനയൻ, ബേബി വർഗ്ഗീസ്, മനോജ് ചന്ദനക്കാവ്, അനീഷ് റാട്ടക്കുണ്ട് ,മനു തുടങ്ങിയവർ നേതൃത്വം നൽകി
ജനാധിപത്യത്തിന്റെ അന്ത്യം: എസ് കെ എസ് എസ് എഫ്.
വയനാട് പാർലമെന്റ് രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ധ് ചെയ്ത നടപടി ജനാധിപത്യത്തിന് നിരക്കാത്തതും രാജ്യത്തോടുള്ള വെല്ലുവിളിയുമാണെന്ന് എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജനാധിപത്യ ഇന്ത്യയിൽ അഭിപ്രായ പ്രകടനങ്ങൾക്കും വിമർശനങ്ങൾക്കും അവകാശമുണ്ട്. എന്നാൽ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്തപ്പെട്ട പ്രധാനമന്ത്രിയെ വിമർശിക്കുന്നവരെ പ്രതികാരബുദ്ദിയോടെ കൈകാര്യം ചെയ്യുന്നത് കാടത്തമാണ്. ഗുജറാത്തിലെ സൂറത്ത് കോടതിയുടെ വിധിയിലൂടെ ജനാധിപത്യത്തിന്റെ മരണമണിയാണ് മുഴങ്ങിയിരിക്കുന്നത്. ഇനിയെങ്കിലും രാജ്യത്തിന്റെ ജനാധിപത്യ വീണ്ടെടുപ്പിന് പ്രതിപക്ഷ കക്ഷികൾ അധികാര മോഹമില്ലാതെ ഒന്നിക്കണമെന്നും എസ് കെ എസ് എസ് എഫ് ആവശ്യപ്പെട്ടു. പ്രതിഷേധ
യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അബ്ദുല്ലത്തീഫ് വാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന വർ.സെക്രട്ടറി എം അയ്യൂബ് മുട്ടിൽ, സംസ്ഥാന കമ്മിറ്റി അംഗം മുഹിയുദ്ദീൻകുട്ടി യമാനി, നൗഷീർ വാഫി, റഷീദ് ദാരിമി, മുഹമ്മദ് റഹ്മാനി, മസൂദ് മൗലവി, ഷംസുദ്ദീൻ വാഫി, മുനീർ വടകര, സ്വാദിഖ് ഫൈസി, റഈസ് പാണ്ടിക്കടവ്, സുഹൈൽ വാഫി, റിയാസ് ഫൈസി, റസാഖ് തോൽപ്പെട്ടി, ജാഫർ മില്ലുമുക്ക്, ഫൈസൽ മച്ചിങ്ങൽ, റബീബ് പിണങ്ങോട്, അഫ്സൽ ചുണ്ട, ശിഹാദ് മൗലവി, മുജീബ് അഞ്ചുകുന്ന്, ഡോക്ടർ മുഹമ്മദ് സഈദ് , റാഷിദ് മാനന്തവാടി, അഷ്റഫ് ഫൈസി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ബാസ് വാഫി സ്വാഗതവും വർക്കിംഗ് സെക്രട്ടറി ഷിഹാബ് റിപ്പൺ നന്ദിയും പറഞ്ഞു.
ഫാഷിസം വാഴുന്നിടത്ത് ജനാധിപത്യം വീഴുന്നു: മുസ് ലിം ലീഗ്
കല്‍പ്പറ്റ: മോദി പരാമര്‍ശത്തില്‍ സൂറത്ത് മുന്‍സിഫ് കോടതി ശിക്ഷവിധിച്ച രാഹുല്‍ ഗാന്ധിയെ ധൃതിപ്പെട്ട് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ തീരുമാനം, ജനാധിപത്യത്തിന് മേല്‍ ഫാസിസത്തിന്റെ ഇരച്ചുകയറ്റമാണ് വെളിവാക്കുന്നതെന്ന് മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.
ഫാസിസം വാഴുന്ന കാലത്ത് ജനാധിപത്യം വീഴുന്നുവെന്ന് തെളിയിക്കുന്നതാണ് കോടതിപോലും സാവകാശം നല്‍കിയ കേസിലെ മോദി ഭരണകൂടത്തിന്റെ ദൃതി. കോടതി ഉത്തരവ് പുറത്തുവന്ന ഇന്നലെ മുതല്‍ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നാണ് ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങളെയും പോരാട്ടങ്ങളെയും ഒരു ഫാസിസ്റ്റ് ഭരണകൂടം എവ്വിധം ഭയക്കുന്നുവെന്നതിന്റെ തെളിവാണ് ഇത്. രാജ്യത്തിന്റെ പവിത്രവും സവിശേഷവുമായ ജനാധിപത്യമൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ അത്യധ്വാനം ചെയ്യുന്ന രാഹുല്‍ ഗാന്ധിയെ, മോദി ഭരണകൂടം ഭയക്കുന്നതില്‍ അത്ഭുതമില്ല. വര്‍ഗീയത രാഷ്ട്രീയമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഭരണകൂടം ഒരു വ്യക്തിയുടെ പാര്‍ലമെന്റംഗം അയോഗ്യമാക്കുന്നതിലൂടെ അവസാനിക്കുന്നതല്ല ഇന്ത്യയിലെ മതേതര ജനാധിപത്യ പോരാട്ടങ്ങള്‍. അതേസമയം രാഹുലിനെ വേട്ടയാടാനുള്ള മോദി ഭരണകൂട ശ്രമങ്ങള്‍ക്കെതിരെ ഏതറ്റം വരെയും പോയുള്ള പ്രതിഷേധങ്ങള്‍ക്ക് മുസ്്‌ലിം ലീഗിന്റെ പൂര്‍ണ പിന്തുണയുണ്ടാവുമെന്നും ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് എന്നിവര്‍ വ്യക്തമാക്കി.
ജനാധിപത്യ വിരുദ്ധം; ഇ ജെ ബാബു
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം പിയെ അയോഗ്യനാക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്നന്ന് സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു. സിപി.ഐ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ വിജയിച്ചത്. ജനാധിപത്യ വിജയങ്ങളെ സി.പി.ഐ എന്നും അംഗീകരിച്ചിട്ടുണ്ട്. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന സംഘപരിവാര്‍ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം നടപടികള്‍ ഉണ്ടാകുന്നത്. ജനാധിപത്യത്തിന് ഒരിക്കലും ഭൂഷണമല്ലാത്ത ഇത്തരം പ്രവണതകള്‍ക്കെതിരെ യോജിച്ച പോരാട്ടങ്ങള്‍ക്ക് സി.പി.ഐ നേതൃത്വം നല്‍കുമെന്നും ഇ ജെ ബാബു പറഞ്ഞു
