സ്കൂളുകളില്‍ നാപ്‌കിന്‍ വെന്‍ഡിങ് മെഷീന്‍ നിര്‍ബന്ധമായും സ്ഥാപിക്കണം; ഉത്തരവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

0

സ്കൂളുകളില്‍ നാപ്‌കിന്‍ വെന്‍ഡിങ് മെഷീന്‍ നിര്‍ബന്ധമായും സ്ഥാപിക്കണം; ഉത്തരവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

നാപ്‌കിന്‍ വെന്‍ഡിങ് മെഷീനോടൊപ്പം അവ സംസ്‌കരിക്കാനുള്ള സംവിധാനവും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഉത്തരവില്‍ പറയുന്നുണ്ട്

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ പഠിക്കുന്ന സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് നാപ്‌കിന്‍ വെന്‍ഡിങ് മെഷീന്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായാണ് നിര്‍ദേശം. നാപ്‌കിന്‍ വെന്‍ഡിങ് മെഷീനോടൊപ്പം അവ സംസ്‌കരിക്കാനുള്ള സംവിധാനവും ഉറപ്പുവരുത്തേണ്ടതുണ്ട്.

മാലിന്യമുക്ത കേരള പദ്ധതിയുടെ ഭാഗമായി എല്ലാ സ്‌കൂളുകളിലും ശാസ്ത്രീയ മാലിന്യ സംസ്‌കരണ സംവിധാനം ഉറപ്പുവരുത്തണമെന്നും സ്‌കൂളുകളില്‍ സീറോ വേസ്‌റ്റ് ക്യാമ്ബസാക്കി പദ്ധതിയുടെ ഒന്നാം ഘട്ടമായി ജൂണ്‍ അഞ്ചിന് മുമ്ബ് പ്രഖ്യാപിക്കണമെന്നും ഉത്തരവിലുണ്ട്. പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ നടത്തുന്ന യോഗങ്ങളില്‍ പ്ലാസ്‌റ്റിക് കുപ്പികള്‍, പ്ലാസ്‌റ്റിക് ക്യാരിബാഗുകള്‍, പ്ലാസ്‌റ്റിക് കോട്ടിങ് ഉള്ള കുപ്പികള്‍, എന്നിവ ഒഴിവാക്കി പകരം സ്‌റ്റീല്‍ കപ്പ് ,കുപ്പി ഗ്ലാസ് എന്നിവ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. മാത്രമല്ല സ്‌കൂളിലെ പരിപാടികള്‍ ഹരിത പെരുമാറ്റ ചട്ടം പാലിച്ചു നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.


പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്

വിദ്യാര്‍ഥികളില്‍ മാലിന്യ സംസ്‌കരണത്തെ കുറിച്ച്‌ അവബോധം സൃഷ്‌ടിക്കുന്നതിന് കൂടിയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ മാലിന്യമുക്ത കേരളം പദ്ധതി. വിദ്യാര്‍ഥികള്‍, പിടിഎ സ്‌കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി, സ്‌കൂളിലെ വിവിധ ക്ലബ്ബുകള്‍ എന്നിവയുടെ സംയുക്ത പ്രവര്‍ത്തനത്തിലൂടെ സ്‌കൂളിന്‍റെ സമീപപ്രദേശത്ത് ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം ഉറപ്പാക്കാനുള്ള ജനകീയ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഈ വരുന്ന ജൂണ്‍ ഒന്നിനാണ് വേനലവധി കഴിഞ്ഞ് കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത്. പുതിയ അധ്യായന വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്കുള്ള പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ മാലിന്യമുക്ത കേരളം പദ്ധതി. പദ്ധതിയുടെ ആദ്യഘട്ടം മെയ് 21 മുതല്‍ മെയ് 31 വരെയാണ്. അടിയന്തര ഘട്ടം കഴിഞ്ഞ് സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തന്നെ തുറന്നു പ്രവര്‍ത്തിക്കും. പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിര്‍വഹിക്കും. മുന്‍ വര്‍ഷങ്ങളിലേതു പോലെ പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികള്‍ വരും എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കണക്കുകൂട്ടല്‍.

എസ്‌എസ്‌എല്‍സി ഫലം

ഇത്തവണത്തെ എസ്‌എസ്‌എല്‍സി പരീക്ഷ ഫലം ഈ മാസം 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി മുമ്ബ് അറിയിച്ചിരുന്നു. 25 ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലവും പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇക്കുറി എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത് 5,42,960 വിദ്യാര്‍ഥികളും, ഹയര്‍സെക്കന്‍ഡറി പരീക്ഷയും എഴുതിയത് 4,42,067 വിദ്യാര്‍ഥികളുമാണ്.

എസ്‌എസ്‌എല്‍സി പരീക്ഷ മൂല്യനിര്‍ണയത്തില്‍ 3006 അധ്യാപകര്‍ വിട്ടുനിന്നതായും മന്ത്രി അറിയിച്ചിരുന്നു. മതിയായ രേഖകള്‍ നല്‍കാതെ വിട്ടുനിന്നതിനാല്‍ അധ്യാപകര്‍ക്കെതിരെ നോട്ടിസ് അയച്ചിട്ടുണ്ടെന്നും അച്ചടക്കമാണ് പ്രധാനമെന്നും അദ്ദേഹം അറിയിച്ചിരുന്നു. അധ്യാപകരുടെ മറുപടി ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂളുകളിലെ ലഹരി ഉപയോഗം നിയന്ത്രിക്കുമെന്നും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്‌ടര്‍ വന്ദന ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ പോലുള്ള അധ്യാപകര്‍ വേറെ ഉണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.

Post a Comment

0Comments
Post a Comment (0)
To Top