കാലവര്‍ഷം ജൂണ്‍ ആദ്യവാരം; അഞ്ചിനുള്ളില്‍ ശക്തിപ്രാപിക്കും

0



തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇത്തവണ സാധാരണപോലെ കേരളത്തിലെത്തുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (ഐ എം ഡി) അധികൃതര്‍ അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം പ്രാപിച്ച "മോഖ' നേരത്തേ ആശങ്ക സൃഷ്ടിച്ചിരുന്നു. 

മണ്‍സൂണ്‍ വരുന്ന സമയത്ത് ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ അത് കാലാവസ്ഥയെ ബാധിക്കുക പതിവാണ്. 

എന്നാല്‍ "മോഖ' ഇപ്പോള്‍ ദുര്‍ബലമായതോടെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന് തടസ്സമില്ല. അതേസമയം, ചുഴലിക്കാറ്റ് തിരിച്ചുവരികയാണെങ്കില്‍ മണ്‍സൂണിന്റെ വരവിനെ ബാധിക്കും.

നിലവിലെ സാഹചര്യത്തില്‍ ഈ മാസം 22 ഓടെ മണ്‍സൂണ്‍ ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളിലെത്തുകയും തുടര്‍ന്ന് ജൂണ്‍ ആരംഭത്തില്‍ തന്നെ മഴ ലഭിക്കാനുമുള്ള സാധ്യതയാണ് തെളിയുന്നത്. 

ജൂണ്‍ അഞ്ചിനുള്ളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കും. മധ്യ പസഫിക്കിലെ ചൂട് കൂടുന്നതിന്റെ ചാക്രിക പ്രതിഭാസമായ "എല്‍നിനോ'യുടെ ശക്തി കുറയുന്നതിനാല്‍ കേരളത്തിന് ഈ വര്‍ഷം ലഭിക്കേണ്ട സാധാരണ മഴ ലഭിക്കും.

സംസ്ഥാനത്ത് ജൂണ്‍, ജൂലൈ മാസങ്ങളിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്. 

എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ കുറഞ്ഞ് ആഗസ്റ്റില്‍ കൂടുതല്‍ ലഭിച്ചിരുന്നു. 

എന്നാല്‍ ഇത്തവണ ജൂണ്‍, ജൂലൈ മാസങ്ങളില്‍ എല്‍നിനോ പ്രഭാവം കുറയുന്നതിനാല്‍ ഇത്തവണ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് സൂചനയെന്ന് ഐ എം ഡി അധികൃതര്‍ വ്യക്തമാക്കി. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ മഴക്കുറവും അനുഭവപ്പെടും.

നിലവില്‍ സംസ്ഥാനത്ത് സാധാരണ പോലെ മഴ ലഭിക്കാനാണ് സാധ്യതയെന്നും കേരളത്തിലെ മണ്‍സൂണ്‍ കാലവസ്ഥയെ സംബന്ധിച്ച്‌ വിശദമായ നിരീക്ഷണം നടത്തി കൃത്യമായ പ്രവചനം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

Post a Comment

0Comments
Post a Comment (0)
To Top