മീനങ്ങാടി: ഇന്ന് രാവിലെ എട്ട് മണിയോടെ ഓർത്തഡോക്സ് പള്ളിയുടെ മണി മുഴങ്ങി. അസമയത്ത് മണി മുഴങ്ങിയതോടെ സമീപത്തെ വീട്ടുകാർ നോക്കിയപ്പോഴാണ് സെൻ്റ് പീറ്റേഴ്സ് ഓർത്തഡോക്സ് ചർച്ചിന് മുകളിൽ മണിയടിക്കുന്ന യുവാവിനെ കണ്ടത്. കൃഷ്ണഗിരി കാണിയാട്ടിൽ ബേസിൽ ആണ് ഇന്ന് രാവിലെ 7-30 മുതൽ പള്ളിയുടെ മുകൾ ഭാഗത്ത് തമ്പടിച്ചത്. പള്ളി മണി മുഴങ്ങിയതോടെയാണ് നാട്ടുകാർ പള്ളിയുമായി ബന്ധപ്പെട്ടവരെ വിവരമറിയിച്ചത്. തുടർന്ന് കമ്മറ്റിക്കാരെത്തി യുവാവിനെ താഴെ ഇറക്കാൻ നോക്കിയെങ്കിലും യുവാവ് ഇറങ്ങിയില്ല. പിന്നീട് മീനങ്ങാടി പോലീസിൽ വിവരമറിയിച്ച് പോലീസെത്തി താഴെ ഇറങ്ങാൻ ആവശ്യപ്പെടുകയും താഴെ ഇറങ്ങുകയും ചെയ്തു. എന്നാൽ പോലീസ് പോയി കുറച്ച് കഴിഞ്ഞ് യുവാവ് വീണ്ടും അപകടകരമാം വിധം കെട്ടിടത്തിന് മുകളിലേക്ക് കയറി മണിയടിക്കാൻ തുടങ്ങി. നാട്ടുകാരും പോലീസും പല ആവർത്തി ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും യുവാവ് ഇറങ്ങിയില്ല. ഇതോടെയാണ് സുൽത്താൻ ബത്തേരി ഫയർഫോഴ്സിൽ വിവരമറിയിച്ചത്. സ്റ്റേഷൻ ഓഫീസർ നിഥീഷ് കുമാറിൻ്റെ നേതൃത്വത്തിൽ ഫയർഫോഴ്സെത്തി യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി.
താഴെ ഇറക്കിയ യുവാവിനെ ആശുപത്രിയിൽ കൊണ്ടു പോകണമെന്ന ആവശ്യം നാട്ടുകാർ മുന്നോട്ട് വെച്ചെങ്കിലും പോലീസ് വാഹനത്തിൽ കൊണ്ടുപോകാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു പോലീസുകാർ... വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയോ മറ്റോ ചെയ്താലോ എന്ന ആശങ്കയായിരുന്നു പോലീസിന്.
എന്നാൽ ഞാൻ കൂടെ വരാം.. പോലീസ് വാഹനത്തിൽ തന്നെ കൊണ്ടു പോകണമെന്ന ആവശ്യവുമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ പോലീസുമായി വാക്കേറ്റവുമായി.
ഒടുവിൽ പോലീസ് യുവാവിനെ, യുവാവിൻ്റെ അമ്മയേയും, നാട്ടുകാരേയും കയറ്റി പോലീസ് വാഹനത്തിൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് യുവാവിനെ കൊണ്ടുപോയി
