വ്യാഴാഴ്ച എട്ട് മണിവരെ ഡോക്ടര്‍മാരുടെ പണിമുടക്ക്; IMA ശക്തമായ പ്രതിഷേധത്തിലേക്ക്‌

0



കൊല്ലം: കൊട്ടാരക്കരയില്‍ യുവഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തില്‍ ശക്തമായ സമര പരിപാടികളുമായി ഡോക്ടര്‍മാര്‍.24 മണിക്കൂര്‍ സമരപരിപാടികളാണ് ഐ.എം.എ. പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച എട്ട് മണി വരേയായിരിക്കും സമരം. അത്യാഹിത വിഭാഗങ്ങളെ സമരത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് ഐ.എം.എ. അറിയിച്ചു.

അത്യാഹിത വിഭാഗം ഒഴികെ മുഴുവന്‍ ഡോക്ടര്‍മാരും 24 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചു. ഇതിന് ശേഷം തുടര്‍ സമരപരിപാടികള്‍ എങ്ങനെ വേണം എന്നതുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് ചേരുന്ന യോഗത്തില്‍ വെച്ച്‌ തീരുമാനിക്കും. കൂടുതല്‍ സമരപരിപാടികളിലേക്ക് കടക്കുമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.

'യുവ ഡോക്ടറുടെ കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് ഐ.എം.എ. കേരളഘടകം എല്ലാ ഡോക്ടര്‍മാരും സമരത്തിലേക്ക്. ഇന്ന് മുതല്‍ നാളെ രാവിലെ എട്ട് മണി വരെ സമരത്തിലേക്ക് പോകും. അത്യാഹിത വിഭാഗം, എമര്‍ജന്‍സി കെയര്‍ മാറ്റി നിര്‍ത്തും. കേരളത്തിലെ പൊതു മനസാക്ഷി ഈ കാര്യത്തില്‍ ഉണരേണ്ടതുണ്ട്. നിരന്തരമായ ആക്രമണം ഉണ്ടാകുന്ന ഘട്ടം കേരളത്തില്‍ സ്വീകാര്യമല്ല. സ്വസ്ഥമായി, സ്വതന്ത്രമായി, ആത്മവിശ്വാസത്തോടെ, ധൈര്യത്തോടെ രോഗികളെ ചികിത്സിക്കാനുള്ള ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍. കേരളത്തിന്റെ പൊതുമന:സാക്ഷി ഈ വികാരം ഉള്‍ക്കൊണ്ട് സമരത്തെ കാണണം'- ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി പറഞ്ഞു. 

സമീപകാലത്തായി സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരേ വിവിധ കോണുകളില്‍ നിന്ന് അക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഇതിനെതിരേ ശക്തമായ പ്രതിഷേധങ്ങളും ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. പണിമുടക്ക് അടക്കം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മതിയായ സുരക്ഷ ലഭിക്കുന്നില്ലെന്നും പരാതികള്‍ ഉണ്ടായിരുന്നു.

ഡോക്ടര്‍മാര്‍ക്കെതിരേ അക്രമം വര്‍ധിക്കുന്നതിലും പ്രതികളെ പിടികൂടുന്നതില്‍ പോലീസ് അലംഭാവം കാട്ടുന്നതിലും പ്രതിഷേധിച്ച്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം മാര്‍ച്ചില്‍ പണിമുടക്ക് നടത്തിയിരുന്നു.

കേരളത്തില്‍ അഞ്ചുദിവസത്തില്‍ ഒന്ന് എന്ന തോതിലാണ് ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നതെന്ന് ഐ.എം.എ. ഭാരവാഹികള്‍ അന്ന് കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഒരു ഡോക്ടറുടെ ജീവന്‍ കൂടി പൊലിഞ്ഞിരിക്കുന്നത്.
Tags

Post a Comment

0Comments
Post a Comment (0)
To Top