ജില്ലയിൽ അതിശക്തമായ മഴ ((ഓറഞ്ച് അലേർട്ട്) മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണം.
മണ്ണിടിച്ചിൽ ഉൾപ്പടെയുള്ളദുരന്തസാധ്യതയുള്ളതിനാൽ മലയോരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, ആവശ്യമായ ഘട്ടത്തിൽ മാറിതാമസിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ജലാശയങ്ങളിൽ പെട്ടെന്ന് വെള്ളം ഉയരാൻസാധ്യതയുള്ളതിനാൽ പുഴയോരത്ത് താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും പുഴകളോ, തോടുകളോ മുറിച്ച് കടക്കാനോ, പുഴകളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ, മീൻ പിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ശക്തമായ മഴ തുടരുന്നതിനാൽ ദുരന്ത സാധ്യത കണക്കിലെടുത്ത് ക്വാറികളുടെപ്രവർത്തനത്തിനും,
മണ്ണെടുപ്പിനും, മലയോരപ്രദേശങ്ങളിലേയ്ക്കുള്ള ട്രക്കിംഗിനും ജില്ലാ ദുരന്ത നിവാരണഅതോറിറ്റി നിരോധനം ഏർപ്പെടുത്തി.
മേപ്പാടി ഗ്രാമപഞ്ചായത്തിലെ തൊള്ളായിരം കണ്ടിയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനത്തിന് താത്കാലിക വിലക്ക്
ഏർപ്പെടുത്തിയിട്ടുള്ളതായും ജില്ലാ കളക്ടർ അറിയിച്ചു. വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് വൈത്തിരി താലൂക്കിൽ വെങ്ങപ്പള്ളി വില്ലേജിലെ ചാമുണ്ടി കോളനിയിൽ താമസിക്കുന്ന 14 കുടുംബങ്ങളിലെ 66 പേരെ തെക്കുംതറ അമ്മസഹായം യു.പി സ്കൂളിലേയ്ക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മരം വീണ് വീട് തകർന്നതിനെതുടർന്ന് മാനന്തവാടി താലൂക്കിൽ വാളാട് വില്ലേജിൽ പോരൂർകുന്ന് പ്രദേശത്തുളള ഒരു കുടുംബത്തെ സമീപത്തുള്ള ക്ലബ് കെട്ടിടത്തിലേക്കും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യത്തിൽ വിളിക്കാവുന്ന നമ്പറുകൾ
ടോൾ ഫ്രീ നമ്പർ : 1077
കൺട്രോൾ റൂം ജില്ലാതലം- 04936 204151, 9562804151, 8078409770.
സുൽത്താൻ ബത്തേരി താലൂക്ക് - 04936 223355, 6238461385. മാനന്തവാടി താലൂക്ക് - 04935 241111, 9446637748. വൈത്തിരി താലൂക്ക് - 04936 256100,
8590842965.
