മുത്തങ്ങ: ബത്തേരി എസ്.ഐ സി.എം സാബുവും സംഘവും ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനക്കിടെ മാരകമായ മയക്കുമരുന്നുമായി കാറിൽ വരികയായിരുന്ന ദമ്പതികളടക്കമുള്ള നാല് പേരെ പിടികൂടി.
കോഴിക്കോട് സ്വദേശികളായ നല്ലളം കെ.ജെ.കെ വീട്ടിൽ ഫിറോസ് ഖാൻ (31), പാറപ്പുറം അരക്കിണർ മിഥുൻ നിവാസ് പി.കെ യൂസഫലി (26), ഇയാളുടെ ഭാര്യ മാന്തോട്ടം വടക്കൻ കണ്ടി ആയിഷ നിഹാല ( 22), കണ്ണൂർ കക്കാട് പറയിലകത്ത് പി നദീർ (26) എന്നിവരാണ് അറസ്റ്റിലായത്.
ബംഗളൂരിൽ നിന്നും കോഴിക്കോട് ഭാഗത്ത് വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്ന 156 ഗ്രാം എംഡിഎംഎ യാണ് പോലീസ് പിടികൂടിയത്.
കാറിന്റെ മുകൾഭാഗത്തായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
മയക്കുമരുന്ന് ചില്ലറ വിൽപ്പനക്കായി ഉപയോഗിക്കുന്ന ത്രാസും, കവറുകളും, മറ്റ് ഉപകരണങ്ങളും, പിസ്റ്റളും സംഘത്തിൽ നിന്നും കണ്ടെടുത്തു.. എ എസ് ഐ കെ.ടി മാത്യു, സി പി ഒ മാരായ മുരളീധരൻ, അനിൽകുമാർ, വുമൺ സി പി ഒ ഫൗസിയ, സജ്ന, ഡ്രൈവർ എസ് സി പി ഒ സന്തോഷ് എന്നിവരും പോലീസ് പരിശോധന സംഘത്തിലുണ്ടായിരുന്നു.
സംഘം സഞ്ചരിച്ച കെ എൽ 57 റ്റി 3475 നമ്പർ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ദിവസങ്ങൾക്ക് മുമ്പ് അരക്കിലോയോളം എംഡി എം എ ബത്തേരി പോലീസ് പിടികൂടിയിരുന്നു. സ്ത്രീകളെ മറയാക്കി ഇത്തരത്തിൽ നടത്തുന്ന മയക്കുമരുന്ന് കടത്തിനെതിരെ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ ഒന്നരമാസത്തിനിടെ മൂന്നാമത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള എംഡിഎംഎ കേസാണ് സുൽത്താൻ ബത്തേരി പോലീസ് പിടികൂടുന്നത്
