വിദ്യാലയങ്ങളിൽ ലഹരിക്കെതിരായുള്ള പോരാട്ടം ശക്തമാക്കണം -മന്ത്രി വി.ശിവൻകുട്ടി

0


മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

മീനങ്ങാടി: വിദ്യാലയങ്ങളിൽ ലഹരിക്കെതിരായുള്ള പോരാട്ടം ശക്തമാക്കണമെന്ന് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.

 വിദ്യാർത്ഥികളിൽ അറിഞ്ഞോ അറിയാതെയോ ഉള്ള ലഹരി പ്രവർത്തനങ്ങൾ കണ്ടെത്തി തടയണം. മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി .

പഠനം കേവലം പാഠപുസ്തകത്തിലെ കാര്യങ്ങളുടെ പഠനം മാത്രമായി പരിമിതപ്പെടുത്തരുത്. പാഠപുസ്തകത്തിനപ്പുറം ഉള്ള അറിവുകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് അറിവ് ഉല്പാദിപ്പിക്കുന്നവരായി വിദ്യാര്‍ത്ഥി സമൂഹം മാറണം. അതിനായുള്ള  സഹായക സംവിധാനം എന്ന നിലയിലാണ് ആധുനിക സാങ്കേതികവിദ്യ എല്ലാ സ്കൂളുകളിലും ഉറപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു.
വിദ്യാർത്ഥികളിൽ  ശുചിത്വശീലം വളർത്തണം. അവരവര്‍ ഉല്പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നത് അവരവരുടെ  ഉത്തരവാദിത്വമാണ് എന്ന ബോധ്യം കുട്ടിക്കാലം മുതലേ ഉണ്ടാകണം. ജലമാലിന്യങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും സ്കൂളുകളെ ഹരിതാഭമാക്കാനുള്ള പദ്ധതികൾ ഉണ്ടാവുകയും വേണമെന്ന് മന്ത്രി പറഞ്ഞു.

പൊതു വിദ്യാഭ്യാസ വകുപ്പിന് മാതൃകയായി 5 മുതൽ 12 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പെർഫെകട് പദ്ധതിയുടെ ഉദ്ഘാടനവും സ്കൂളിലെ ജല ഗുണനിലവാര പരിശോധന ലാബിന്റെ സമർപ്പണവും എസ്.എസ്.എൽ.സി ഹയർ സെക്കണ്ടറി പരീക്ഷയിൽ ഉന്നതം വിജയം നേടിയവർക്കുള്ള അനുമോദനവും നടന്നു. ചടങ്ങിൽ മോയിൻ കുട്ടി വൈദ്യർ സ്മാരക അക്കാദമി പുരസ്കാരം നേടിയ ഡോ. ബാവ കെ പാലുകുന്നിനെയും പെർഫെക്ട് പദ്ധതി ലോഗോ ഡിസൈൻ ചെയ്ത സൈഫ് ചേന്ദമംഗല്ലൂരിനെയും അഭിമാന നേട്ടം കൈവരിച്ച സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെയും അനുമോദിച്ചു.

ചടങ്ങിൽ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധർ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി.പി ഷിജു, പി.വി വേണുഗോപാൽ, ഹയർ സെക്കണ്ടറി റീജിണൽ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ, മീനങ്ങാടി ജി.എച്ച്.എസ്. സ്കൂൾ പ്രിൻസിപ്പാൾ ജോയ് വി.സ്കറിയ, പി ടി എ പ്രസിഡണ്ട് പ്രിമേഷ് തുടങ്ങിയവർ സംസാരിച്ചു.പഞ്ചായത്ത് അംഗങ്ങൾ, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ, രാഷ്ട്രീയ - സാമൂഹ്യ പ്രവർത്തകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0Comments
Post a Comment (0)
To Top