പെര്‍മിറ്റ് ലംഘിച്ച്‌ സര്‍വീസ്; സ്വകാര്യ കോണ്‍ട്രാക്‌ട് ക്യാരേജ് ബസുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം

0


തിരുവനന്തപുരം: പെര്‍മിറ്റ് ലംഘിച്ച്‌ സര്‍വീസ് നടത്തുന്ന സ്വകാര്യ കോണ്‍ട്രാക്‌ട് ക്യാരേജ് ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആര്‍ടിഒമാര്‍ക്ക് ഗതാഗത സെക്രട്ടറിയുടെ സര്‍ക്കുലര്‍.

നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നും ഗതാഗത സെക്രട്ടറിയുടെ സര്‍ക്കുലറില്‍ പറയുന്നു. നടപടിയെടുത്തതിന്റെ റിവ്യു റിപ്പോര്‍ട്ട് ഒരു മാസം കഴിഞ്ഞ് ട്രാൻസ്‌പോര്‍ട്ട് കമ്മീഷണര്‍ സമര്‍പ്പിക്കണം.

ഒരാഴചയ്ക്ക്മുൻപ് നിയമലംഘനം നടത്തിയ കോണ്‍ട്രാക്‌ട് ക്യാരേജ് ബസിനെതിരെ നടപടിയെടുത്തില്ലെന്ന് കാണിച്ച്‌ കൊല്ലം ആര്‍.ടി.ഒയെ സസ്‌പെൻഡ് ചെയ്തിരുന്നു. ഡി.മഹേഷിനെതിരെയാണ് ഗതാഗത സെക്രട്ടറി നടപടിയെടുത്തത്. 
കോണ്‍ട്രാക്‌ട് ക്യാരേജ് ബസുകള്‍ സ്റ്റേജ് കാരിയര്‍ ആയിട്ട് പ്രവര്‍ത്തിക്കുന്നു എന്ന പരാതി നേരത്തെ മോട്ടോര്‍ വാഹന വകുപ്പിന് കിട്ടിയിരുന്നു. പരാതി ശരിയാണെന്ന തരത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് മുന്നില്‍ ഇത്തരം ബസുകള്‍ സര്‍വീസ് നടത്തുന്നതായിട്ട് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തത്.

ഇത് സംബന്ധിച്ച്‌ ആര്‍.ടി.ഒ ഗതാഗത വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ട്രാക്‌ട് ക്യാരേജ് ബസിന്റെ ഉടമയ്ക്ക് അനുകൂലമായ റിപ്പോര്‍ട്ടായിരുന്നു ആര്‍.ടി.ഒ സമര്‍പ്പിച്ചത്. 
അതിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത വകുപ്പ് സെക്രട്ടറിയായ ബിജു പ്രഭാകര്‍ കൊല്ലം ആര്‍.ടി.ഒയെ സസ്‌പെൻഡ് ചെയ്തത്. ഈ സംഭവത്തിന് പിന്നാലെയാണ് എല്ലാം ആര്‍.ടി.ഒമാര്‍ക്കും ഗതാഗത സെക്രട്ടറി നിര്‍ദേശം നല്‍കിയത്.

Post a Comment

0Comments
Post a Comment (0)
To Top