മാനന്തവാടി: കാപ്പ ചുമത്തി പൊലീസ് നാടുകടത്തിയ ആള്‍ തിരിച്ചെത്തി മോഷണം നടത്തി ഒടുവില്‍ പൊലീസ് പിടിയിലായി.
മാനന്തവാടി അമ്ബുകുത്തി കല്ലിയോട്ടുകുന്ന് ആലക്കല്‍ വീട്ടില്‍ റഫീഖി (39) നെ ആണ് മാനന്തവാടി എസ്.ഐ കെ.കെ.
സോബിൻ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച പുലര്‍ച്ചെ കല്ലിയോട്ടുകുന്നില്‍ പ്രതി മോഷണം നടത്തി മടങ്ങുന്നതിനിടെ നാട്ടുകാര്‍ പിടികൂടി തടഞ്ഞുവെച്ച് പൊലീസിലേല്‍പ്പിക്കുകയായിരുന്നു. കല്ലിയോട്ടുകുന്നിലെ കടയില്‍ നിന്ന് 460 രൂപയും സിഗരറ്റുമാണ് റഫീഖ് കവര്‍ന്നത്. പിടികൂടിയ ശേഷം പൊലീസ് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ 16 ന് വരടിമൂലയിലെ കടകളില്‍ മോഷണം നടത്തിയതും റഫീഖ് ആണെന്ന് വ്യക്തമായിട്ടുണ്ട്.
13000 രൂപയാണ് ഇവിടെ നിന്ന് കവര്‍ന്നത്. നാടുകടത്തി ദിവസങ്ങള്‍ക്കകമാണ് വരടിമൂലയില്‍ മോഷണം നടത്തിയത്. മനേകുടിയില്‍ ബേബിയുടെ ഉടമസ്ഥതയിലുള്ള അന്ന സ്റ്റോര്‍, വനിത മെസ്, റഷീദിന്റെ ഉടമസ്ഥതയിലുള്ള ബിസ്മി സ്റ്റോര്‍ എന്നിവിടങ്ങളിലാണ് മോഷണം നടത്തിയത്.
2007ലെ കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം പ്രകാരം കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന് കാണിച്ച് കഴിഞ്ഞ ജൂണില്‍ റഫീഖിനെ നാടുകടത്തിയിരുന്നു. ഇതുപ്രകാരം അടുത്ത വര്‍ഷം ജൂണില്‍ മാത്രമേ റഫീഖിന് ജില്ലയില്‍ പ്രവേശിക്കാൻ പാടുള്ളൂ.
മാനന്തവാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
