ന്യൂഡല്‍ഹി: 2018-2023 കാലയളവില്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 98ഓളം വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.
ഇതില്‍ കൂടുതല്‍ ആത്മഹത്യകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഐ.ഐ.ടികളില്‍ നിന്നാണെന്നും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാസ് സര്‍ക്കാര്‍ വ്യക്തമാക്കി.
വിദ്യാര്‍ഥികളുടെ ആത്മഹത്യ നിരക്കിനെ കുറിച്ച് സി.പി.ഐ.എം രാജ്യസഭാ അംഗമായ വി. ശശിധരൻ പാര്‍ലമെന്‍റില്‍ ചോദ്യം ഉന്നയിച്ചിരുന്നു.
ഇതിനോട് പ്രതികരിക്കുകയായിരുന്നു സുഭാസ്. രാജ്യത്തെ വിവിധ കേന്ദ്ര സര്‍വകലാശാല, ഐ.ഐ.ടി, എൻ.ഐ.ടി, ഐ.ഐ.ഐ.ടി, ഐ.ഐ.എം, ഐ.ഐ.എസ്.ഇ.ആര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ട് പ്രകാരം ആത്മഹത്യ ചെയ്ത 98 പേരില്‍ 39 പേര്‍ ഐ.ഐ.ടി വിദ്യാര്‍ഥികളാണ്.
കേന്ദ്ര സര്‍വകലാശാലകളിലും വിവിധ എൻ.ഐ.ടികളിലുമുള്ള 25 പേരും ഈ കാലയളവില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.
നാല് ഐ.ഐ.എം വിദ്യാര്‍ഥികളും, മൂന്ന് ഐ.ഐ.എസ്.ഇ.ആര്‍, രണ്ട് ഐ.ഐ.ഐ.ടി വിദ്യാര്‍ഥികള്‍ എന്നിവയാണ് മറ്റുള്ളവര്‍.
2023ല്‍ ഇതുവരെ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ഇരുപതോളം ആത്മഹത്യകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്.
2022ല്‍ 24 കേസുകളും, 2021ലും 2020ലുമായി ഏഴ് കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2019ല്‍ 19 കേസുകളും 2018ല്‍ 21 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ആകെ 23 ഐ.ഐ.ടികളാണുള്ളത്. 31 എൻ.ഐ.ടികളും, 56 കേന്ദ്ര സര്‍വകലാശാലകളും, 20 ഐ.ഐ.എം, 25 ഐ.ഐ.ഐ.ടി, ഏഴ് ഐ.ഐ.എസ്.ഇ.ആര്‍ എന്നിവയും രാജ്യത്തുണ്ട്.
അതേസമയം രാജ്യത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് ആശങ്കയുണ്ടാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും ക്ഷേമത്തിനുമായി യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷൻ (യു.ജി.സി) വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പഠനഭാരം കുറയ്ക്കാൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അതത് മാതൃഭാഷയില്‍ പഠിക്കാനുള്ള പദ്ധതികളും മന്ത്രാലയം രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
