ചീരാംകുന്ന് മുരണി കുണ്ടുവയലിൽ കീഴാനിക്കൽ സുരേന്ദ്രനെ (55) യാണ് ഇന്ന്
1-30 ഓടെ കാണാതായത്. ബുധനാഴ്ച വീടിന് പുറക് വശത്ത് നിന്നും 100 മീറ്റർ മാറി പുരയിടത്തിൽ പുല്ലരിയുന്നതിനിടെയാണ് കാണാതായത്. പുല്ലരിയാൻ പോയ ഭർത്താവിനെ ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് തിരഞ്ഞിറങ്ങിയ ഭാര്യ ഷൈലജ വെട്ടിയ പുല്ലും സമീപത്ത് ഒരു തോർത്തും കണ്ടു. ഇതിനടുത്ത് നിന്നും പുഴ വരെ വലിച്ചുകൊണ്ടു പോയതായുള്ള പാടുകളും കണ്ടെത്തി. പുഴയുടെ അടുത്തായി ഭർത്താവിൻ്റെ ഗംബൂട്ടുകളും കണ്ടെത്തി. ഇതെല്ലാം കണ്ട് കുഴഞ്ഞ് വീണ ഷൈലജയെ മീനങ്ങാടിയിലെ സ്വകാര്യ ക്ലീനിക്കിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിൽസ നൽകി വിട്ടയച്ചു. നാട്ടുകാർ നടത്തിയ പരിശോധനയിൽ സംഭവസ്ഥലത്ത് പുല്ലിലൂടെ ഏതോ അജ്ഞാത ജീവി വലിച്ച് കൊണ്ടുപോയ പാടിനോടൊപ്പം പുല്ലൊഴിഞ്ഞ ഭാഗത്ത് അവ്യക്തമായ 3 കാൽപ്പാടുമുണ്ട്. വനം വകുപ്പ് ജീവനക്കാരെത്തി അടയാളം പരിശോധിച്ചെങ്കിലും കനത്ത മഴയിൽ കാൽപ്പാടുകൾ മാഞ്ഞു തുടങ്ങിയിരുന്നു. പുഴയിൽ നിന്നും കയറി വന്ന ഏതോ ജീവിയാകാം സുരേന്ദ്രനെ കൊണ്ടുപോയതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. സുൽത്താൻ ബത്തേരിയിൽ നിന്ന് ഫയർഫോഴ്സും, എൻഡിആർഎഫ്,മീനങ്ങാടി പൊലിസും, പൾസ് എമർജൻസി, തുർക്കി ജീവൻ രക്ഷാസമിതി, ബെറ്റ് ടീമംഗങ്ങളും ഗ്രാമ പഞ്ചായത്ത് പ്രതിനിധികളും, നാട്ടുകാരും സ്ഥലത്തെത്തി പുഴയിൽ ഇരുട്ട് വീഴും വരെ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.. ശക്തമായ മഴയിൽ കാരാപ്പുഴയിൽ നിന്നും ഒഴുക്ക് വർദ്ധിച്ചതിനാൽ കാരാപ്പുഴ സ്പിൽവേയിൽ നിന്നുമുള്ള ഒഴുക്ക് നിയന്ത്രിക്കാൻ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.ഇതനുസരിച്ച് ഒഴുക്ക് കുറഞ്ഞെങ്കിലും പ്രതികൂല കാലാവസ്ഥ തിരച്ചിൽ അടുത്ത ദിവസത്തേക്ക് മാറ്റിവെക്കാൻ രക്ഷാപ്രവർത്തകരെ നിർബന്ധിതരാക്കി. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഇ വിനയൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി അസൈനാർ, വാർഡ് മെമ്പർ ബേബി വർഗ്ഗീസ്,
മീനങ്ങാടി പൊലിസ് സ്റ്റേഷൻ ഓഫീസർ ബിജു ആൻ്റണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചിലും അനുബന്ധ പ്രവർത്തനങ്ങളും നടക്കുന്നത്. തിരച്ചിൽ നാളെ രാവിലെ പുനരാരംഭിക്കും.
