ന്യൂഡൽഹി: പിൻവലിച്ച 2,000 രൂപാ നോട്ടുകള്‍ ഇന്ന് മുതല്‍ ബാങ്കുകളില്‍ നല്‍കി മാറ്റിയെടുക്കാം. നോട്ട് മാറാൻ എത്തുന്നവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ക്ലീൻ നോട്ട്' നയം യാഥാര്‍ത്ഥ്യമാകുന്നതോടെ വിപണിയിലും ഇതിന്റെ പ്രതിഫലനം ഇന്നുമുതല്‍ കണ്ടുതുടങ്ങുമെന്നാണ് വിലയിരുത്തല്‍.
അച്ചടിമുതല്‍ സ്‌ക്രാപ്പ് ചെയ്യാൻ വരെ വൻ ചെലവാണ് 2,000 രൂപാ നോട്ട് വരുത്തിവച്ചത്. പുതിയ 2,000 രൂപാ നോട്ടുകള്‍ എ.ടി.എമ്മില്‍ ഉള്‍ക്കൊള്ളിക്കാൻ ബാങ്കുകള്‍ക്ക് വന്ന അധിക ചെലവും 'ക്ലീൻ നോട്ട്' നയം പ്രാവര്‍ത്തികമാകുമ്ബോള്‍ ദുര്‍വ്യയമായി മാറുകയാണ്. നോട്ടുനിരോധനം ഏര്‍പ്പെടുത്തി ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ നോട്ട് അച്ചടിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത് 21,000 കോടി രൂപയാണ്. ഇതേ കാലയളവില്‍ 2,000 രൂപയുടെ 355 കോടി നോട്ടാണ് അച്ചടിച്ചത്.
പ്രചാരത്തിലുള്ള 2,000 രൂപാ നോട്ടിന്റെ മൂല്യം ആകെ പ്രചാരത്തിലുള്ള ഇന്ത്യൻ കറൻസികളുടെ 10 ശതമാനത്തിന് മുകളിലാണ്.
നോട്ട് മാറാൻ നാലു മാസം സമയം ലഭിക്കുന്നതിനാല്‍ നേരിട്ട് ജനങ്ങളെ തീരുമാനം വലിയ തോതില്‍ ബുദ്ധിമുട്ടിക്കില്ലെന്നാണ് കരുതുന്നത്. എങ്കിലും സാമ്ബത്തിക ഇടപാടുകള്‍ കറൻസി വഴി നടത്തുന്ന ചെറുകിട വ്യവസായ, കാര്‍ഷിക മേഖലകളെ നോട്ട് പിൻവലിക്കാനുള്ള തീരുമാനം സമീപഭാവിയില്‍ ബാധിച്ചേക്കാം.
2,000 രൂപാ നോട്ട് മാറ്റി ചെറിയ മൂല്യമുള്ള നോട്ട് വാങ്ങാൻ ജനങ്ങള്‍ തയാറായാല്‍ ബാങ്കുകളില്‍ നിക്ഷേപം വര്‍ധിക്കും. എന്നാല്‍, മാറ്റിവാങ്ങലിന് പകരം സാധനങ്ങള്‍ വാങ്ങാനാണ് ആളുകളുടെ നീക്കമെങ്കില്‍ അത് ഏറ്റവും കൂടുതല്‍ ഗുണംചെയ്യുക സ്വര്‍ണ വിപണിക്കായിരിക്കുമെന്നും സാമ്ബത്തിക വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.
മെയ് 19നാണ് രാജ്യത്ത് 2,000 രൂപാ നോട്ടുകളുടെ വിനിമയം നിര്‍ത്തുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. നോട്ടുകള്‍ ഘട്ടംഘട്ടമായി പിൻവലിക്കാനാണ് റിസര്‍വ് ബാങ്ക് തീരുമാനം. പുതിയ നോട്ടുകള്‍ ഇടപാടുകാര്‍ക്ക് നല്‍കരുതെന്ന് ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ നോട്ട് കൈവശമുള്ളവര്‍ക്ക് 2023 സെപ്റ്റംബര്‍ 30 വരെ ഉപയോഗിക്കാമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്. മേയ് 23 മുതല്‍ 2,000 നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കും. ഒറ്റയടിക്ക് നോട്ടുനിരോധനം നടപ്പാക്കില്ലെന്നാണ് ആര്‍.ബി.ഐ വ്യക്തമാക്കിയത്. നിലവില്‍ കൈവശമുള്ള നോട്ട് ഉപയോഗിക്കുന്നതിനു വിലക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
2016 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപാ നോട്ടുകള്‍ നിരോധിച്ചതിനു പിറകെയാണ് 2,000 രൂപാ നോട്ട് അച്ചടിച്ച് വിനിമയത്തിനായി പുറത്തിറക്കിയത്.
എന്നാല്‍, 2000 നോട്ടിൻറെ അച്ചടി 2018-2019 കാലയളവില്‍ നിര്‍ത്തിയിരുന്നു. കറൻസി അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചെന്നാണ് ഇപ്പോള്‍ ആര്‍.ബി.ഐ നല്‍കുന്ന വിശദീകരണം.
