കല്‍പ്പറ്റ: മീനങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സിന്റെ പ്രവര്‍ത്തനങ്ങളും സാമ്പത്തിക ഇടപാടുകളും വിജിലന്‍സ് അന്വേഷിക്കണമെന്ന് എക്‌സിക്യുട്ടീവ് അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വിപണനകേന്ദ്രത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലാത്ത രീതിയിലാണ് നടക്കുന്നതെന്ന് കുടുംബശ്രീ ജില്ലാമിഷന്‍ ജോയിന്റ് ഡയറക്ടര്‍, ജില്ലാകലക്ടര്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എന്നിവര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. എന്നാല്‍ ജില്ലാമിഷനില്‍ നിന്നും ഇതുവരെ യാതൊരുവിധ മറുപടിയും ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല, പരാതിക്കാരെ കേള്‍ക്കാന്‍ പോലും തയ്യാറായിട്ടില്ല.
കുടുംബശ്രീ സി ഡി എസിന്റെ കീഴിലുള്ള വിപണനകേന്ദ്രം ഓഡിറ്റ് നടത്താതെയും, കൃത്യമായ ബാങ്ക് സാമ്പത്തിക ഇടപാടുകള്‍ നടത്താതെയുമാണ് പ്രവര്‍ത്തിക്കുന്നത്. ഇത് പല പ്രാവശ്യം സി ഡി എസ് മീറ്റിംഗുകളില്‍ ഉന്നയിച്ചിട്ടുള്ളതാണ്. ഓഡിറ്റ് നടത്തി സുതാര്യത ഉറപ്പുവരുത്തുന്നതിന് വേണ്ടി എക്‌സിക്യുട്ടീവ് അംഗങ്ങള്‍ അറിയിച്ചിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തില്‍ ജില്ലാമിഷന്‍, ജോയിന്റ് ഡയറക്ടര്‍, കലക്ടര്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍, സ്റ്റേറ്റ് മിഷന്‍ എന്നിവര്‍ക്ക് രേഖാമൂലം പരാതി നല്‍കിയെങ്കിലും പരാതിക്കാരായ സി ഡി എസ് എക്‌സിക്യുട്ടീവുകളെ കേള്‍ക്കുന്നതിന് തയ്യാറാകാത്തത് സി ഡി എസിന്റെയും, ബന്ധപ്പെട്ട വകുപ്പിന്റെയും വീഴ്ചയായി കാണുകയാണ്.
കുടുംബശ്രീ അംഗങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങള്‍ വില്‍ക്കുന്ന വിപണനകേന്ദ്രം സുതാര്യമാക്കുന്നതിന് അതാത് ദിവസത്തെ വരവ്-ചിലവ് ചുമതലയിലുള്ളവര്‍ കൈവശം വെച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയവര്‍ക്കെതിരെയും നടപടിയെടുക്കണം. സി ഡി എസ് യോഗങ്ങളില്‍ അജണ്ട മൂന്ന് ദിവസം മുമ്പെങ്കിലും അംഗങ്ങള്‍ക്ക് നല്‍കുന്നതിനും, മീറ്റിങ്ങില്‍ വരവ് ചിലവുകളുടെ പകര്‍പ്പ് നല്‍കാത്തതും സംബന്ധിച്ച് ആവശ്യം അറിയിച്ചിട്ടും സി ഡി എസ് ചെയര്‍പേഴ്‌സണ്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
പിന്നോക്ക ലോണിന് ഇന്‍സെന്റീവ് ഇനത്തില്‍ 750 രൂപ വീതം അനുവദിക്കാന്‍ ഓര്‍ഡര്‍ വന്നതിന് ശേഷവും സി ഡി എസ് ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ അടക്കമുള്ളവര്‍ അധികതുക കൈപ്പറ്റിയതായി രേഖയിലൂടെ മനസിലാക്കാന്‍ സാധിച്ചു. ആയതിനാല്‍ അധികതുക കൈപ്പറ്റിയവര്‍ പണം തിരിച്ചടച്ച് സാമ്പത്തിക സുതാര്യത ഉറപ്പുവരുത്തണം. ജെ എല്‍ ജി സംരംഭകരെ വിളിച്ചുചേര്‍ത്ത് സി ഡി എസ് ഭരണസമിതിയുടെയും ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും അംഗീകാരത്തെയും, ജില്ലാമിഷന്‍ നല്‍കിയ ഉത്തരവും മറികടന്ന് സി ഡി എസില്‍ ചര്‍ച്ച നടത്തുന്നതിന് പകരം സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ഏപ്രില്‍ മുതല്‍ സി ഡി എസ് സംരംഭകത്വ വികസന ഉപസമിതി കണ്‍വീനര്‍, ജെ എല്‍ ജി ഉപസമിതി കണ്‍വീനര്‍ എന്നിവരുടെ പേരില്‍ മീനങ്ങാടി കേരള ഗ്രാമീണ്‍ ബാങ്കില്‍ അക്കൗണ്ട് രൂപീകരിച്ചതായി വിവരാവകാശ നിയമപ്രകാരം അറിയാന്‍ സാധിച്ചു. ഉത്തരവുകള്‍ മറികടന്ന് ചെയ്തിട്ടുള്ള ഇത്തരം കാര്യങ്ങള്‍ റദ്ദ് ചെയ്ത് കൃത്യമായ ബൈലോ അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. സി ഡി എസ് യോഗത്തില്‍ മേറ്റുമാരുടെ ലിസ്റ്റ് അംഗീകരിക്കാത്തതിനാല്‍ തൊഴിലുറപ്പ് മേഖല പ്രതിസന്ധിയിലാണ്. ആയതിനാല്‍ തൊഴിലുറപ്പ് മേറ്റുമാരുടെ ലിസ്റ്റ് അംഗീകരിച്ചു നല്‍കേണ്ടതാണ്. കൃത്യതയും സുതാര്യവുമായ പ്രവര്‍ത്തനങ്ങള്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ അടക്കം ഓഫീസ് സംവിധാനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത പക്ഷം ഇവരൊന്നും ഈ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യരല്ലെന്നും മിനി സാജു, സാജിത റഷീദ്, സുമയ്യ എന്നിവര്‍ പറഞ്ഞു.
