തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലേയും പാരലല്‍ കോളേജുകളിലെയും രാത്രികാല പഠന ക്ലാസ്സുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ബാലാവകാശ കമ്മീഷൻ.ഇവര്‍ സംഘടിപ്പിക്കുന്ന വിനോദയാത്രകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി.
എസ് എസ് എല്‍ സി ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷകളോട് ബന്ധപെട്ട് സ്വകാര്യ ട്യൂഷന്‍ സെന്ററുകളും പാരലല്‍ കോളേജുകളും രാത്രി സമയങ്ങളില്‍ നടത്തുന്ന പഠന ക്ലാസുകള്‍ നിലവിലുണ്ട്.
സ്‌കൂളിലെ പഠനസമയത്തിനു പുറമെ വീണ്ടും മണിക്കൂറുകള്‍ നീളുന്ന ക്ലാസുകള്‍ അശാസ്ത്രീയമാണ്. ഇത് കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് വെല്ലുവിളിയാകും. ഇതുമൂലം രക്ഷിതാക്കള്‍ക്കും മാനസിക സമ്മര്‍ദ്ദം ഉണ്ടായേക്കാം. അതുകൊണ്ട് രാത്രികാല ക്ലാസുകള്‍ പൂര്‍ണമായും നിരോധിക്കുകയാണെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.
മറ്റൊരു പ്രധാനപ്പെട്ട ഉത്തരവില്‍ പാരലല്‍ കോളേജുകളും സ്വകാര്യ ട്യൂഷന്‍ സെന്ററുകലും സംഘടിപ്പിക്കുന്ന പഠന വിനോദയാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതാണ്. പഠന വിനോദയാത്രകള്‍ക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ടെങ്കിലും അത് ട്യൂഷന്‍ സെന്ററുകളും പാരലല്‍ കോളേജുകളും പാലിക്കുന്നില്ല.
വിനോദയാത്രക്കായി കുട്ടികളെയും രക്ഷിതാക്കളെയും നിര്‍ബന്ധിക്കുന്നു എന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.
അധ്യാപകനായ സാം ജോണ്‍ നല്‍കിയ ഹര്‍ജിയിലാണ് ബാലാവകാശ കമ്മീഷന്‍ അംഗം റെനി ആന്റണിയുടെ നടപടി.
